കണ്ണൂര്‍: ഡിജിറ്റല്‍ സര്‍വേയിൽനിന്ന് കരാര്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് ഡിജിറ്റൽ സർവേ നടപടികളുടെ തുടർച്ച പ്രതിസന്ധിയിലാക്കും. റവന്യൂവകുപ്പ് എംപ്ലോയ്മെന്റ് എക്ചേഞ്ച് മുഖേന നിയമിച്ച സര്‍വേയര്‍, ഹെല്‍പ്പര്‍ വിഭാഗത്തില്‍പ്പെട്ട 2800 ഓളം ജീവനക്കാരെയാണ് സംസ്ഥാനത്ത് ഡിജിറ്റിൽ സർവേ പൂർത്തിയാകുന്നതിന് മുന്‍പായി പിരിച്ചുവിട്ടത്. ഒരു മുന്നറിയിപ്പുമില്ലാതെ സർവേ ഡയറക്ടർ കൂട്ട പിരിച്ചുവിടൽ ഉത്തരവിറക്കുകയായിരുന്നു. നാലു മാസത്തെ ശന്പളം കുടിശികയാക്കിയാണ് പിരിച്ചുവിട്ടത്.
കുടിശിക എപ്പോൾ ലഭിക്കുമെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോട് അന്വേഷിച്ചപ്പോൾ വ്യക്തതയില്ലാത്ത ഉത്തരമാണ് ലഭിച്ചതെന്ന് പുറത്താക്കപ്പെട്ട കരാർ ജീവനക്കാർ പറഞ്ഞു.സര്‍വേയര്‍ക്ക് പ്രതിമാസം 24,520 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 18,390 രൂപയുമായിരുന്നു ശന്പളം. അതേസമയം കരാര്‍ ജീവനക്കാരെ ഒഴിവാക്കി സര്‍വേ തുടരാന്‍ സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും ജീവനക്കാരുടെ അഭാവം വലിയ പ്രതിസന്ധിയാണ്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി 228 വില്ലേജ് ഓഫീസുകളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് താത്കാലിക ജീവനക്കാരില്‍നിന്ന് നാമമാത്രമായ ആളുകളെ മാത്രം നിയോഗിച്ചെങ്കിലും ഒക്ടോബറോടെ ഇവരും പുറത്താകുമെന്നാണ് വിവരം. ഡിജിറ്റല്‍ സര്‍വേയ്ക്കായി ആരംഭിച്ച ക്യാമ്പ് ഓഫീസുകളുകളുടെയടക്കം പ്രവര്‍ത്തനം കഴിഞ്ഞ ദിവസത്തോടെ അവസാനിപ്പിച്ചിരുന്നിരുന്നു.
ഡിജിറ്റല്‍ സര്‍വേ പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് മുഖാന്തരം അനുവദിച്ച 453.71 കോടിയില്‍ കരാര്‍ ജീവനക്കാരുടെ വേതനം എന്ന കമ്പോണന്റിലെ തുക 2025-26 സാമ്പത്തിക വര്‍ഷം പൂര്‍ണമായും ചെലവഴിച്ചുവെന്നാണ് സര്‍വേ വിഭാഗം പറയുന്നത്.
ഡിജിറ്റല്‍ സര്‍വേ രണ്ടാം ഘട്ടത്തിനായി അനുവദിച്ച 50 കോടി 2026 മാര്‍ച്ച് 31 വരെയുള്ള ചെലവിനങ്ങള്‍ക്ക് മാത്രമായി സര്‍ക്കാര്‍ നിജപ്പെടുത്തിയിരുന്നുവെന്നും 2026-27 സാമ്പത്തിക വര്‍ഷത്തെ ഡിജിറ്റല്‍ സര്‍വേ ആശ്യങ്ങള്‍ക്കായി ഫണ്ട് ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭ്യമായിട്ടില്ലെന്നും ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.